മാഞ്ഞു പോയൊരു വർഷം

മാഞ്ഞുപോയൊരു വർഷം
മറന്നു പോയൊരു വർഷം,
മഹാമാരി വിതച്ചൊരു ഭീതിതൻ ഭാരത്താൽ,
ഭൂലോകം തകർന്നൊരു വർഷം.

തൊട്ടു തീണ്ടൽ നിസ്സാരമായ് മാറ്റിയ
ആകുലകളുടെ വർഷം,
മാഞ്ഞുപോയൊരു വർഷം,
മറന്നു പോയൊരു വർഷം.

പൊള്ളയായുള്ളൊരു സ്വന്ത ബന്ധങ്ങളെ
തുറന്നു കാട്ടിയ വർഷം,
മാഞ്ഞുപോയൊരു വർഷം,
മറന്നു പോയൊരു വർഷം.

മനസ്സിനോടൊപ്പം മുഖവും മറയ്ക്കുന്ന
മാറാല കെട്ടിയ വർഷം,
മാഞ്ഞുപോയൊരു വർഷം,
മറന്നു പോയൊരു വർഷം

നാടായ നാടൊക്കെ പാറി നടന്നവർ,
വീട്ടിൽ പിണഞ്ഞൊരു വർഷം,
മാഞ്ഞുപോയൊരു വർഷം,
മറന്നു പോയൊരു വർഷം.

ജീവിത ലക്ഷ്യങ്ങൾ നേരായ മാർഗ്ഗത്തിൽ
മാറ്റുവാൻ തോന്നിച്ച വർഷം,
മാഞ്ഞുപോയൊരു വർഷം,
മറന്നു പോയൊരു വർഷം.

പാഠങ്ങൾ ഒത്തിരി പഠിപ്പിച്ചു തന്നൊരു
പുതുമകളുള്ളൊരു വർഷം,
മാഞ്ഞുപോയൊരു വർഷം,
മറന്നു പോയൊരു വർഷം…

Comments are closed.

%d bloggers like this: